പെട്രോളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലും ടാങ്കറുകളിലും പരിശോധന തുടങ്ങി. E20 പെട്രോളിൽ എത്ര ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താനാണ് പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
ഓരോയിടത്തുനിന്നും ആറ് സാംപിളുകൾ വീതമാണ് സ്ക്വാഡ് ശേഖരിക്കുന്നത്. ഈ സാംപിളുകൾ ഫോറൻസിക് ലാബിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കണ്ണൂരിലെ സ്‌ക്വാഡ് തലവനായ ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽകുമാർ പറഞ്ഞു.
അടുത്തിടെ കർണാടകയിലെ ചില പമ്പുകളിൽ നിന്ന് ശേഖരിച്ച പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന കർശനമാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ അധിക അളവിൽ എഥനോൾ കണ്ടെത്തിയതോടെ കേന്ദ്ര സർക്കാരിന്റെ E20 പെട്രോൾ നയം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും, ഇന്ധനക്ഷമത (മൈലേജ്) കുറയ്ക്കുമെന്നും, റബർ ഭാഗങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്നുമാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി. ശുദ്ധമായ ഇന്ധനം ലഭിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്.




+ There are no comments
Add yours