തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകത്തിൽ പോലീസിനെ കബളിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും പ്രതികൾ ആസൂത്രിത ശ്രമം നടത്തിയതായി കണ്ടെത്തൽ. കൊലപാതകം നടന്ന സമയത്തെ ടവർ ലൊക്കേഷൻ തെളിവാകാതിരിക്കാൻ പ്രധാന പ്രതിയായ ഉമർ മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് കൃത്യം നടത്താൻ പോയത്. കൊലപാതക സമയത്ത് താൻ വീട്ടിലുണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നാടകം. കൊലപാതകം നടത്തി തിരിച്ചെത്തുന്നത് വരെ ഫോൺ വീട്ടിൽ തന്നെ തുടർന്നു. ഉമറിന്റെ കാമുകി ഐശ്വര്യയും ഈ നീക്കത്തിന് കൂട്ടുനിന്നതായും, കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മാഞ്ഞ ചാറ്റുകളും കാണാതായ ഫോണും കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ചില നിർണായക ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സൈബർ സെൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ ചാറ്റുകൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്നതും പരിശോധിക്കുന്നുണ്ട്. അഭിറാം തന്റെ അക്കൗണ്ട് വിവരങ്ങൾ മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.
അതിനിടെ, അഭിറാമിന്റെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഫോൺ കണ്ടെത്താനായി സ്കൂബാ സംഘത്തെ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസിൽ നിർണായക തെളിവായ ഫോൺ കണ്ടെത്താനായി കൂടുതൽ പൊലീസുകാരെ വിന്യസിച്ച് മേഖലയിൽ തിരച്ചിൽ ശക്തമാക്കാനാണ് തീരുമാനം.
ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം പ്രതികൾ ഇരട്ടക്കൊലപാതകത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടാമത്തെ ആളെ വിളിച്ചുവരുത്താൻ കഴിയാതിരുന്നതിലുള്ള വൈരാഗ്യമാണ് അഭിറാമിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ കാരണമായതെന്ന് പോലീസ് കരുതുന്നു. സംഭവദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പതിനാറംഗ പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.




+ There are no comments
Add yours