പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഇതിനുപുറമെ നഴ്‌സുമാരുടെ തസ്‌തികകളും വർധിപ്പിക്കും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നുമാസത്തിനകം റോബോട്ടിക് സർജറി സംവിധാനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളിൽ അത്യാധുനിക സൗകര്യം ആദ്യഘട്ടമെന്ന നിലയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ റോബോട്ടിക് സർജറിക്ക് തുടക്കമിടുന്നത്. വരും വർഷങ്ങളിൽ സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഈ വര്‍ഷം ആദ്യം തിരുവനന്തപുരം ആര്‍.സി.സിയിൽ റോബോട്ടിക് സര്‍ജറി സംവിധാനം തുടങ്ങിയിരുന്നു. ശസ്ത്രക്രിയാ വിദഗ്ധന്റെ നിർദ്ദേശപ്രകാരം കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയയാണിത്. ത്രിമാന ദൃശ്യങ്ങളുടെ സഹായത്തോടെ നിർവ്വഹിക്കുന്നതിനാൽ ഇത്തരം ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും വിജയസാധ്യതയുമുണ്ട്.
എൻ.എസ്.എസ് അലോപ്പതി രംഗത്തേക്ക് വരണം സമൂഹത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻ.എസ്.എസ് (NSS) ഒരു പൊതുമേഖലാ സ്ഥാപനം പോലെയാണെന്നും, അവർ അലോപ്പതി മെഡിക്കൽ രംഗത്തേക്ക് കൂടി കടന്നുവരണമെന്നും മന്ത്രി പറഞ്ഞു. വിദേശ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ചില സ്വകാര്യ ആശുപത്രികളും കമ്പനികളും ഒരു ലക്ഷം രൂപ ചിലവ് വരുന്ന കാര്യങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. എന്നാൽ എൻ.എസ്.എസ് അങ്ങനെയല്ലെന്നും ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ ഉൾപ്പെടെ അവർ മുൻപന്തിയിലാണെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.




+ There are no comments
Add yours