കരിപ്പൂർ സ്വർണ്ണക്കടത്തിൽ വൻ ട്വിസ്റ്റ്: ഭർത്താവിനെയും മക്കളെയും മറയാക്കി സ്വർണം ‘പൊട്ടിക്കാൻ’ യുവതിയുടെ ആസൂത്രിത ഗൂഢാലോചന

Estimated read time 1 min read

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഗൾഫിൽ നിന്നെത്തിച്ച സ്വർണം വിമാനത്താവളത്തിന് പുറത്തുവെച്ച് കവർച്ച ചെയ്യാൻ (സ്വർണം പൊട്ടിക്കൽ) ആസൂത്രണം നടത്തിയത് സ്വർണം കടത്തിയ തലശ്ശേരി സ്വദേശിനി പ്രിയങ്ക (34) തന്നെയാണെന്ന് പോലീസ് കണ്ടെത്തി. ഭർത്താവിനെയും മക്കളെയും മറയാക്കിയാണ് ഇവർ സ്വർണ്ണക്കടത്ത് നടത്തിയതെന്നും, എന്നാൽ ഭർത്താവിന് ഇതിൽ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.

ഗൂഢാലോചന ദുബായിൽ

ദുബായിൽ വെച്ചാണ് സ്വർണം തട്ടിയെടുക്കാനുള്ള പദ്ധതികൾ പ്രിയങ്കയും സംഘവും ആസൂത്രണം ചെയ്തത്. സ്വഫ്‌വാൻ എന്നയാളാണ് തനിക്ക് ദുബായിൽ വെച്ച് സ്വർണം കൈമാറിയതെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണം കാരിയറായി നാട്ടിലെത്തിച്ച്, സ്വന്തം സംഘത്തെ ഉപയോഗിച്ച് അത് കവർച്ച ചെയ്യാനായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം. അതേസമയം, വിമാനത്താവളത്തിലെ പരിശോധനകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നുവെന്ന ഗുരുതരമായ ആരോപണവും ഇതിനിടെ ശക്തമാകുന്നുണ്ട്.

നാടകീയമായ ചേസിങ്

ഇന്നലെ രാവിലെ 11.30-ഓടെയാണ് ദുബായിൽ നിന്നും സ്വർണവുമായി പ്രിയങ്ക കരിപ്പൂരിലെത്തിയത്. മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറിനാണ് ഈ സ്വർണ്ണം കൈമാറേണ്ടിയിരുന്നത്. ജാബിർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽപ്പുണ്ടെന്ന് മനസ്സിലാക്കിയ പ്രിയങ്ക, സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു കാറിൽ കടന്നുകളയുകയായിരുന്നു. സ്വർണ്ണവുമായി യുവതി മുങ്ങിയെന്ന് മനസ്സിലാക്കിയ ജാബിർ തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് 12 കിലോമീറ്ററോളം പോലീസ് ഇവരെ പിന്തുടർന്നു. ഒടുവിൽ പുളിക്കലിൽ വെച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്.

കൂട്ടുനിന്നത് സ്ഥിരം കുറ്റവാളികൾ

പ്രിയങ്കയ്‌ക്കൊപ്പം അറസ്റ്റിലായ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണം പൊട്ടിക്കൽ സംഘത്തിലെ സജീവ അംഗമായ ശ്രീലാലിനെതിരെ നെടുമ്പാശ്ശേരിയിലും സമാനമായ കവർച്ചാ കേസ് നിലവിലുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

+ There are no comments

Add yours