ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ ഹർജിയിൽ വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായാൽ അവർക്കായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തണമെന്നും ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഹാജർ കുറഞ്ഞത് സസ്പെൻഷൻ കാരണമെന്ന് വിദ്യാർഥികൾ
യാതൊരുവിധ അന്വേഷണ റിപ്പോർട്ടുകളുമില്ലാതെ 64 ദിവസമാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്നും, ഈ സസ്പെൻഷൻ കാലയളവാണ് തങ്ങൾക്ക് അറ്റൻഡൻസ് കുറയാൻ കാരണമായതെന്നും വിദ്യാർഥികൾ സുപ്രീംകോടതിയെ അറിയിച്ചു. തങ്ങളുടെ പ്രതിഷേധങ്ങളെ സർവകലാശാല ദുർവ്യാഖ്യാനം ചെയ്ത് നടപടിയെടുക്കുകയായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ പരീക്ഷയെഴുതാൻ വിദ്യാർത്ഥികളുടെ ഹാജർനില പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സർവകലാശാലയുടെ പ്രധാന വാദം. വാദങ്ങൾ കേട്ട കോടതി, സർവകലാശാലകളിൽ പാലിക്കേണ്ടതായ ചില അച്ചടക്കങ്ങളുണ്ടെന്ന് നിരീക്ഷിച്ചു.
സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നിൽ
നേരത്തെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ വിധിയെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. പരീക്ഷാ അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് നീതി തേടി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി സിംഗിൾ ബെഞ്ചിലേക്ക് തന്നെ മടക്കിയതോടെ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വിദ്യാർത്ഥികൾക്ക് നിർണ്ണായകമാകും.




+ There are no comments
Add yours