ബെംഗളൂരു: ബെംഗളൂരു നിവാസികളായ മലയാളികളടക്കം ലക്ഷക്കണക്കിന് യാത്രികർക്ക് തിരിച്ചടിയായി കർണാടകയിൽ കടുത്ത ബസ് യാത്രാനിരക്ക് വർധനവ്. സംസ്ഥാനത്തെ നാല് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളിലെയും പുതിയ യാത്രാനിരക്ക് നവംബർ 5 മുതൽ നിലവിൽ വരും. ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബി.എം.ടി.സി (BMTC) ബസുകളിൽ 32 മുതൽ 35 ശതമാനം വരെയും, കർണാടക കെ.എസ്.ആർ.ടി.സി (KSRTC), എൻ.ഡബ്ല്യു.കെ.ആർ.ടി.സി (NWKRTC), കെ.കെ.ആർ.ടി.സി (KKRTC) ബസുകളിൽ 23 ശതമാനം വരെയുമാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന യാത്രാനിരക്ക് വർധനവാണിത്. അതേസമയം, സർക്കാരിന്റെ ‘ശക്തി’ പദ്ധതി പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ യാത്ര തുടരും; നിരക്ക് വർധനവ് പുരുഷന്മാർക്ക് മാത്രമാണ് ബാധകമാകുക.
ബി.എം.ടി.സി ബസുകളിലെ പുതിയ നിരക്കുകൾ:
- കുറഞ്ഞ നിരക്ക് 10 രൂപ: രണ്ട് കിലോമീറ്റർ വരെയുള്ള യാത്രയ്ക്കുള്ള മിനിമം ചാർജ്ജ് 6 രൂപയിൽ നിന്ന് 10 രൂപയായി കുതിച്ചുയർന്നു (67% വർധനവ്). രണ്ട് മുതൽ നാല് കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 6 രൂപ അധികം നൽകണം. ദീർഘദൂര യാത്രകളിൽ 12 രൂപ വരെയാണ് വർധന.
- പ്രധാന റൂട്ടുകൾ: മജസ്റ്റിക് – ശിവാജിനഗർ റൂട്ടിൽ നിരക്ക് 12-ൽ നിന്ന് 18 രൂപയായി. മജസ്റ്റിക് – യശ്വന്ത്പൂർ, മജസ്റ്റിക് – വിജയനഗർ റൂട്ടുകളിൽ 18 രൂപയായിരുന്നത് 25 രൂപയായി. മജസ്റ്റിക് – അട്ടിബെലെ നിരക്ക് 30 രൂപയിൽ നിന്നും 42 രൂപയായി വർധിച്ചു.
- എ.സി വജ്ര സർവീസുകൾ: ബി.എം.ടി.സി വജ്ര എസി ബസുകളിൽ ആദ്യ ആറ് കിലോമീറ്ററിന് 5 രൂപ അധികം നൽകണം. 6 മുതൽ 18 കിലോമീറ്റർ വരെ 10 രൂപയും, അതിന് മുകളിലുള്ള ദൂരത്തിന് 15 രൂപ വരെയുമാണ് വർധന. സെൻട്രൽ സിൽക് ബോർഡിൽ നിന്ന് ഹെബ്ബാളിലേക്കുള്ള നിരക്ക് 65 രൂപയായും (പഴയ നിരക്ക് 55), മജസ്റ്റിക് – അട്ടിബെലെ നിരക്ക് 70 രൂപയായും (പഴയ നിരക്ക് 60) വർധിച്ചു.
കെ.എസ്.ആർ.ടി.സിയിലെ മാറ്റങ്ങൾ:
കർണാടക കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളിൽ ആദ്യത്തെ അഞ്ച് സ്റ്റേജുകൾക്ക് 9 രൂപയും പത്ത് സ്റ്റേജ് വരെയുള്ള യാത്രകൾക്ക് 18 രൂപയുമാണ് വർദ്ധിപ്പിച്ചത്. സാധാരണ ബസുകളിൽ ബെംഗളൂരു – നെലമംഗല, ബെംഗളൂരു – ഹോസ്കോട്ടെ റൂട്ടുകളിൽ നിരക്ക് 35-ൽ നിന്ന് 44 രൂപയായി. എക്സ്പ്രസ് ബസുകളിൽ ബെംഗളൂരു – നെലമംഗല യാത്രയ്ക്ക് 100 രൂപയും (പഴയ നിരക്ക് 81), ബെംഗളൂരു – മാണ്ഡ്യ യാത്രയ്ക്ക് 136 രൂപയും (പഴയ നിരക്ക് 110) നൽകണം.
കാരണം പ്രവർത്തനച്ചെലവിലെ വർധനവ്
ഡീസൽ വില, ജീവനക്കാരുടെ ശമ്പളം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയിലുണ്ടായ വൻ വർധനവാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഗതാഗതമന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. ഈ വർഷം മാത്രം ഡീസൽ വില ലിറ്ററിന് 10.47 രൂപയാണ് വർദ്ധിച്ചത്. നാല് ഗതാഗത കോർപറേഷനുകൾക്കുമായി നിലവിൽ 9,912 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ഇതിൽ 2,192 കോടി രൂപ വായ്പകളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതി കാരണമാണ് ഈ സാമ്പത്തിക പ്രതിസന്ധിയെന്ന ആരോപണം മന്ത്രി തള്ളി. പദ്ധതിയുടെ ചെലവ് സർക്കാർ വഹിക്കുന്നതിനാൽ കോർപറേഷനുകൾക്ക് നഷ്ടമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. എങ്കിലും, പദ്ധതി വകയിൽ 6200 കോടി രൂപയുടെ കുടിശ്ശിക സർക്കാർ ഇതുവരെ കോർപറേഷനുകൾക്ക് നൽകാനുണ്ടെന്നും മന്ത്രി സമ്മതിച്ചു.




+ There are no comments
Add yours