കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിലെ അന്വേഷണത്തിൽ പൊലീസിന് തുടക്കം മുതൽ വീഴ്ച സംഭവിച്ചതായി കോടതിയുടെ രൂക്ഷവിമർശനം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം, കേസ് എന്തിനാണ് അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ പോലീസിന്റെ അപ്പീൽ പരിഗണിച്ചത്.
സമാന കേസുകളിൽ നരഹത്യ ചുമത്തിയിട്ടുണ്ടോ?
ജില്ലയിലോ തൊട്ടടുത്ത ജില്ലകളിലോ നടന്ന സമാനമായ വാഹനാപകട കേസുകളിൽ പ്രതികൾക്കെതിരെ വകുപ്പ് 105 (കുറ്റകരമായ നരഹത്യ) ചുമത്തിയിട്ടുണ്ടോ എന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആരാഞ്ഞു. വിവരങ്ങൾ ശേഖരിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. എത്രയും വേഗം വിവരങ്ങൾ നൽകണമെന്നും, മുൻപ് സമാന കേസുകളിൽ ഈ വകുപ്പ് ചുമത്തിയിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥൻ കൃത്യമായ മറുപടി നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സമാനമായ വാഹനാപകടങ്ങളിൽ കുറ്റകരമായ നരഹത്യ ചുമത്തിയ കേസുകളുടെ പൂർണ്ണ രേഖകൾ ഹാജരാക്കാനാണ് കോടതിയുടെ കർശന നിർദേശം. ഇതൊരു കേവലമൊരു ചോദ്യമല്ലെന്നും (ഫാൻസി ചോദ്യം), വളരെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണെന്നും കോടതി ഉദ്യോഗസ്ഥനെ ഓർമ്മിപ്പിച്ചു.
പോലീസ് ആവശ്യവും കുടുംബത്തിന്റെ വാദവും
കേസിലെ പ്രതിയായ പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നാണ് പോലീസിന്റെ പ്രധാന ആവശ്യം. അതേസമയം, വാഹനം ഓടിച്ച ഈ പതിനേഴുകാരൻ മുൻപും സ്ഥിരമായി ഗതാഗത നിയമലംഘനങ്ങൾ നടത്താറുണ്ടെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയെ അറിയിച്ചു. കോടതി കേസിൽ വിശദമായ വാദം കേൾക്കുന്നത് തുടരുകയാണ്.




+ There are no comments
Add yours