അടൂർ സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി; പരസ്യപ്രതികരണം വേണ്ടെന്ന് ജില്ലാ നേതൃത്വം

Estimated read time 0 min read

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വത്തിൽ കടുത്ത അതൃപ്തി. വിഷയത്തിൽ ഡി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മൗനം പാലിക്കുകയാണ്. യൂട്യൂബർ രാജൻ ജോസഫുമായുള്ള ശ്രീനാദേവിയുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന ശ്രീനാദേവി കുഞ്ഞമ്മയെ തൽക്കാലം പിന്തുണക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരം മറുപടി നൽകേണ്ട ഉത്തരവാദിത്തം അവർക്കില്ലെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പരാമർശങ്ങൾക്ക് ശ്രീനാദേവി നൽകിയ മറുപടി പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.

അടൂരിലെ പ്രാദേശിക കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണ്. അതിനാൽ ശ്രീനാദേവിയുടെ നടപടികളിൽ അതൃപ്തിയുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മുതിരേണ്ടതില്ലെന്നാണ് ഡി.സി.സിയുടെ തീരുമാനം. അതേസമയം, ജില്ലാ നേതൃത്വത്തിന് തന്നോട് യാതൊരു അതൃപ്തിയുമുള്ളതായി അറിയില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്. പ്രാദേശിക തലത്തിൽ അവസാനിക്കേണ്ട പ്രശ്നങ്ങൾ അവർ ഊതിപ്പെരുപ്പിക്കുകയാണെന്ന് കാണിച്ച് പത്തനംതിട്ടയിലെ നേതാക്കൾ രമേശ് ചെന്നിത്തലയെ വിവരങ്ങൾ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

+ There are no comments

Add yours