തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേട് കേവലം സാങ്കേതിക പിഴവാണെന്ന പി.എസ്.സിയുടെ (PSC) വാദം പൊളിയുന്നു. പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഡെമോ മൂല്യനിർണയം നടത്തിയതിലൂടെയാണ് അന്വേഷണ സംഘത്തിന് കുറ്റകൃത്യം ബോധ്യപ്പെട്ടത്. മൂല്യനിർണയത്തിൽ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നായിരുന്നു പി.എസ്.സി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇതുവരെ ന്യായീകരിച്ചിരുന്നത്.
ചെയർമാനെതിരെ മൊഴി; ചോദ്യം ചെയ്യലിന് ഹാജരായില്ല കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി വരും ദിവസങ്ങളിൽ പി.എസ്.സിയിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി അന്വേഷണ സംഘത്തിന് മുന്നിൽ മുൻപ് നൽകിയ മൊഴി ആവർത്തിച്ചു. ഇതിനിടെ, പി.എസ്.സി ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി സെക്രട്ടറി സാജു ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടും പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇതുവരെ ഹാജരായിട്ടില്ല.
നിയമനം റദ്ദാക്കാതെ പി.എസ്.സി ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ക്രമക്കേട് തെളിഞ്ഞിട്ടും ഇതുവഴി നടന്ന നിയമനം റദ്ദാക്കാൻ പി.എസ്.സി ഇതുവരെ തയ്യാറായിട്ടില്ല. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആദ്യത്തെ വിവാദ ലിസ്റ്റ് പ്രകാരം നിയമനം ലഭിച്ച അരുൺ ജെ. പ്രതാപ് ഇപ്പോഴും സർവീസിൽ തുടരുകയാണ്. ഇയാളെ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ പി.എസ്.സി ഉടൻ തീരുമാനമെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.




+ There are no comments
Add yours