കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്നും, ജനപ്രതിനിധികളെ നോക്കുകുത്തിയാക്കിയുള്ള ബ്യൂറോക്രസിയുടെ അമിതാധികാര പ്രയോഗം കർശനമായി തടയണമെന്നും സമസ്ത എ.പി വിഭാഗം മുഖപത്രം ‘സിറാജ്’. സർക്കാരിനെയും വകുപ്പ് മന്ത്രിയെയും പൂർണ്ണമായും ഇരുട്ടിൽ നിർത്തി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത തീരുമാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിറാജിന്റെ രൂക്ഷവിമർശനം.
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയമാണ് മദ്യനയവും ബാർ ലൈസൻസുകളും. സർക്കാരിന്റെ വ്യക്തമായ നയരൂപീകരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായി മാത്രം നടപ്പിലാക്കേണ്ട ഇത്തരം കാര്യങ്ങളിൽ കീഴുദ്യോഗസ്ഥർ തോന്നിയതുപോലെയാണ് പ്രവർത്തിച്ചത്. വകുപ്പ് മേധാവിയായ എക്സൈസ് കമ്മീഷണറെ പോലും അറിയിക്കാതെ ഉദ്യോഗസ്ഥർ ബാർ ലൈസൻസുകൾ അനുവദിച്ചു. മുൻ സർക്കാരിന്റെ കാലത്തെ ചട്ടങ്ങളിലെ പഴുതുകൾ ദുരുപയോഗം ചെയ്ത് നടത്തിയ ഈ കള്ളക്കളി വലിയ അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.
ജനാധിപത്യ സംവിധാനത്തിൽ നയരൂപീകരണം നടത്തേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ്. പദ്ധതികൾ നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉപാധികൾ മാത്രമാണ് ഉദ്യോഗസ്ഥർ. എന്നാൽ മന്ത്രിസഭയുടെയും സർക്കാരിന്റെയും തീരുമാനങ്ങളെ മറികടന്ന് ചില ഉദ്യോഗസ്ഥർ സ്വയം സർക്കാരായി ചമയുകയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ അസ്വാഭാവിക നടപടികളെക്കുറിച്ചും ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വകുപ്പ് മന്ത്രിക്ക് തന്നെ വാർത്താസമ്മേളനത്തിൽ തുറന്നുപറയേണ്ടി വന്നത്, ഉദ്യോഗസ്ഥരുടെ തന്നിഷ്ടം എത്രത്തോളം അതിരുകടന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും സിറാജ് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.




+ There are no comments
Add yours