കൊച്ചി: ചേരാനല്ലൂരിൽ നടന്ന വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപ്പീലിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അപകടം നടന്ന ദിവസത്തെ സംഭവങ്ങൾ വിശദമായി ചോദിച്ചറിയാൻ പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പ്രധാനമായും വാദിച്ചത്. പ്രതിയായ പതിനേഴുകാരൻ സ്ഥിരമായി ഗതാഗത നിയമലംഘനങ്ങൾ നടത്താറുണ്ടെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയെ അറിയിച്ചിരുന്നു.
ഇതിന് പുറമെ, കേസിൽ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. നിലവിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. എന്നാൽ, ഉന്നത സ്വാധീനമുള്ള പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കേസിലെ തെളിവുകൾ ജഡ്ജി നശിപ്പിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അതിനിടെ, നിയമത്തിന് വിരുദ്ധമായി പ്രതിയായ 17-കാരന്റെ പേരുവിവരങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 18 പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.




+ There are no comments
Add yours