പാങ്ങപ്പാറ അഭിറാം കൊലക്കേസ്: രണ്ടാം പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ; ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ഊർജ്ജിത ശ്രമം

Estimated read time 1 min read

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകക്കേസിൽ രണ്ടാം പ്രതി ഉമറിന്റെ 22-കാരിയായ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതിനിടെ പ്രതികളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.

കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ സുപ്രധാന ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. ഈ ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അഭിറാം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

അഭിറാമിന്റെ മൊബൈൽ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. സ്കൂബ ഡൈവേഴ്സിനെ ഉപയോഗിച്ച് തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടുകിട്ടിയിരുന്നില്ല. ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ കൂടുതൽ പൊലീസിനെ വിന്യസിച്ച് വ്യാപകമായ തിരച്ചിൽ നടത്താനാണ് തീരുമാനം.

ഇതൊരു ഇരട്ടക്കൊലപാതകമായി മാറ്റാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസിന് സംശയമുണ്ട്. ലക്ഷ്യമിട്ട രണ്ടാമത്തെയാളെ അഭിറാം വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദ്ദനത്തിനും കൊലപാതകത്തിനും വഴിവെച്ചതെന്നാണ് വിലയിരുത്തൽ. സംഭവദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 16 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

+ There are no comments

Add yours