വടകരയിൽ ഭക്ഷ്യവിഷബാധയേറ്റ സ്കൂൾ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മേപ്പയിൽ എസ്.ബി സ്കൂളിലെ ഭക്ഷണവിതരണം നിർത്തിവച്ചു

Estimated read time 0 min read

കോഴിക്കോട്: വടകരയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മേപ്പയിൽ എസ്.ബി സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌കൂളിൽ നിന്ന് നൽകിയ ഉച്ചഭക്ഷണത്തിൽ നിന്നാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വൈകുന്നേരത്തോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. തുടർന്ന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മുപ്പതോളം വിദ്യാർത്ഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്. ഇതിൽ രോഗലക്ഷണങ്ങൾ കൂടുതലായി പ്രകടിപ്പിച്ച നാല് കുട്ടികളുടെ സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലാണ് ഒരു കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളുടെ പരിശോധനാ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്.

സംഭവത്തെ തുടർന്ന് കോഴിക്കോട് ഡി.എം.ഒ, വടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരടങ്ങുന്ന ആരോഗ്യവകുപ്പ് സംഘം സ്‌കൂളിൽ പരിശോധന നടത്തി. സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് പാകം ചെയ്ത ഭക്ഷണവും കുടിവെള്ളവും നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റാർക്കും നിലവിൽ പുതിയ രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

+ There are no comments

Add yours