ചേരാനല്ലൂർ വാഹനാപകടം: അടച്ചിട്ട മുറിയിലെ വാദം പൂർത്തിയായി; 17-കാരന്റെ ജാമ്യം റദ്ദാക്കുന്നതിൽ വിധി വ്യാഴാഴ്ച

Estimated read time 1 min read

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടച്ചിട്ട കോടതി മുറിയിലെ (ഇൻ-ക്യാമറ) വാദം പൂർത്തിയായി. കേസിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യാഴാഴ്ച അന്തിമവിധി പറയും.

പ്രോസിക്യൂഷനുമായി യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും ഇരുകൂട്ടരും സഹകരിച്ചാണ് കേസിൽ മുന്നോട്ടുപോകുന്നതെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത് കേസിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്.

കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇതിനിടെ, ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നിൽക്കുകയാണെന്നും കേസിനെക്കുറിച്ച് മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, അടിസ്ഥാന രേഖകൾ പോലും നൽകാതെ പ്രോസിക്യൂഷൻ നിസ്സഹകരണം കാണിക്കുകയാണെന്ന് കുടുംബവും ആരോപിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ടെന്നും കുടുംബം പ്രതികരിച്ചു. കഴിഞ്ഞ ഏഴുവർഷമായി ഇതേ പ്രോസിക്യൂട്ടറാണ് കോടതിയിലുള്ളതെന്നും, പരാതികളുണ്ടെങ്കിൽ അത് പ്രത്യേകം അറിയിക്കണമെന്നും വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശം നൽകി.

+ There are no comments

Add yours