‘ചിലത് ഒഴിവാക്കുന്നതിന്റെ പേരാണ് അഴിമതി’; പരീക്ഷാക്രമക്കേടിൽ പി.എസ്.സിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Estimated read time 1 min read

കൊച്ചി: പി.എസ്.സി (PSC) പരീക്ഷാ മൂല്യനിർണ്ണയത്തിൽ നടന്ന ക്രമക്കേടുകളിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരങ്ങൾ മൂല്യനിർണ്ണയം ചെയ്യാതെ ഒഴിവാക്കുന്നതും, പരീക്ഷാ പേപ്പർ നോക്കാൻ ചുമതലപ്പെട്ടയാൾ അത് കൃത്യമായി ചെയ്യാതിരിക്കുന്നതും കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ‘ചിലത് ഒഴിവാക്കുന്നതിന്റെ പേരാണ് അഴിമതി’ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, എല്ലാ ചോദ്യങ്ങൾക്കും മാർക്കിടാതെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതാണ് പ്രധാന പ്രശ്നമെന്നും വ്യക്തമാക്കി.

അന്വേഷണത്തെ ഭയക്കുന്നതെന്തിന്? സ്വതന്ത്രമായ അന്വേഷണത്തെ പി.എസ്.സി എന്തിനാണ് ഭയക്കുന്നതെന്ന് സർക്കാർ കോടതിയിൽ ചോദിച്ചു. പി.എസ്.സിയുടെ കൈകൾ ശുദ്ധമാണെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ടതില്ല. നടന്ന ക്രമക്കേടിനെ കേവലം ഒരു ‘ക്ലറിക്കൽ പിഴവ്’ എന്നാണ് പി.എസ്.സി വിശേഷിപ്പിക്കുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇതൊരു ‘ഇന്നൊവേറ്റീവ് ഫ്രോഡ്’ (Innovative fraud) ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വീഴ്ച സാങ്കേതികം മാത്രമെന്ന് പി.എസ്.സി എന്നാൽ, മൂല്യനിർണ്ണയത്തിലുണ്ടായ വീഴ്ച സാങ്കേതികം മാത്രമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പി.എസ്.സി. ഒരു ഉദ്യോഗാർത്ഥി പരാതിപ്പെട്ടതിനെത്തുടർന്ന് തെറ്റ് തിരുത്തിയെന്നും, പുനർമൂല്യനിർണ്ണയം നടത്തി പുതിയ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരിഹാരം കണ്ടെന്നും പി.എസ്.സി വ്യക്തമാക്കി. ഭരണകക്ഷിയിൽപ്പെട്ടവർക്കാണ് ജോലി ലഭിച്ചതെന്ന ആരോപണം വെറും മാധ്യമസൃഷ്ടിയാണെന്നും, പി.എസ്.സിക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക അനുമതി ആവശ്യമാണെന്നും അവർ കോടതിയിൽ വാദിച്ചു.

ഇതോടെ, ജോലി ലഭിച്ചവരൊക്കെ ഭരണകക്ഷിയുമായി ബന്ധമുള്ളവരല്ലേ എന്ന് കോടതി തിരിച്ചുചോദിച്ചു. ഇതെല്ലാം പത്രക്കാർ പറയുന്നതാണെന്ന് പി.എസ്.സി മറുപടി നൽകിയപ്പോൾ, ‘അവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരല്ലേ?’ എന്നായിരുന്നു കോടതിയുടെ ചോദ്യം.

+ There are no comments

Add yours