തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി (KSRTC) പെൻഷൻ വർധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശവും സർക്കാർ തള്ളി. സർക്കാരിന് വാശിയുള്ളതുകൊണ്ടല്ല, മറിച്ച് സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാലാണ് ഈ തീരുമാനമെന്നും കോർപ്പറേഷന്റെ സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ പെൻഷൻ കൂട്ടുമെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
പെൻഷൻ തുക കൂട്ടിയാൽ പ്രതിമാസം 12 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാകുക. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് 995 കോടി രൂപയുടെ വലിയ ബാധ്യതയുണ്ട്. ഇത് കഴിഞ്ഞ നാല് മാസം കൊണ്ടുണ്ടായതല്ല. ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന കോർപ്പറേഷന് പുതിയ ബാധ്യതകൾ താങ്ങാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, നിലവിലെ ശമ്പളം നൽകുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പെൻഷൻ വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി നേരിടുന്ന വരുമാന നഷ്ടവും നിത്യച്ചെലവുകളിലെ പ്രതിസന്ധിയുമാണ് പ്രധാന കാരണമായി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ നിലപാട് കർശനമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് തിരിച്ചടിയേറ്റത്.




+ There are no comments
Add yours