കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമനടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ലുലു ഗ്രൂപ്പ്. ഷാജൻ സ്കറിയ തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞാലും നൽകിയ കേസുകളൊന്നും പിൻവലിക്കില്ലെന്നും നിയമപരമായിത്തന്നെ മുന്നോട്ട് പോകുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ വ്യക്തമാക്കി.
സ്ഥാപനത്തിനോ ചെയർമാനോ എതിരെയുള്ള യാതൊരുവിധ വ്യാജ ആരോപണങ്ങളും വെച്ചുപൊറുപ്പിക്കില്ല. ഇത്തരം കേസുകളിൽ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും ലുലു ഗ്രൂപ്പ് തയ്യാറല്ല. ലൈക്കുകൾക്കും ഷെയറുകൾക്കും വ്യൂസിനും വേണ്ടിയാണ് പലരും ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നത്. കേരളത്തിൽ മാത്രമല്ല, സാധ്യമായ എല്ലായിടത്തും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.എ. യൂസഫലിക്കെതിരെ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നും, അവ പിൻവലിച്ച് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കി ഷാജൻ സ്കറിയ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ മാപ്പപേക്ഷ മുഖവിലയ്‌ക്കെടുക്കാതെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ലുലു ഗ്രൂപ്പിന്റെ ഉറച്ച തീരുമാനം. ഇതിന് മുൻപും ഷാജൻ സ്കറിയയുടെ പല വിദ്വേഷ പരാമർശങ്ങളും വലിയ വിവാദങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചിട്ടുണ്ട്.




+ There are no comments
Add yours