‘ദി ഫൈനൽ ലാപ്പ്’; ഒൻപതാം മാസത്തിലും വർക്കൗട്ട് ചെയ്ത് സാമന്ത; ഗർഭകാലത്തെ വ്യായാമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Estimated read time 1 min read

ഗർഭകാലത്ത് വ്യായാമം ചെയ്യാമോ എന്നത് പലരിലും നിലനിൽക്കുന്ന ഒരു പ്രധാന സംശയമാണ്. ഇതിനൊരു മറുപടിയെന്നോണമാണ് നടി സാമന്ത റൂത്ത് പ്രഭു പങ്കുവെച്ച ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഗർഭാവസ്ഥയുടെ ഒൻപതാം മാസത്തിലും ഡംബൽ ഉപയോഗിച്ച് വെയ്റ്റഡ് സ്ക്വാറ്റുകൾ ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം. ‘#9. ദി ഫൈനൽ ലാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് സാമന്ത തന്റെ വർക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഗർഭകാലത്ത് വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതിന്റെ പ്രാധാന്യവും നടി വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്. ഗർഭിണിയായിരിക്കെ ഏതെല്ലാം വ്യായാമങ്ങളാണ് ചെയ്യേണ്ടത്, ശരീരത്തിന് എത്രത്തോളം ആയാസം നൽകാം തുടങ്ങിയ കാര്യങ്ങളിൽ ഡോക്ടറുടെ കൃത്യമായ ഉപദേശം തേടിയ ശേഷം മാത്രം മുന്നോട്ട് പോകുന്നതാണ് ഏറ്റവും സുരക്ഷിതം.

ഗർഭകാലത്തെ വ്യായാമം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം (Gestational Diabetes), രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ക്രമമായ വ്യായാമം സഹായിക്കും. കൂടാതെ, പേശികളുടെ ശക്തിയും ശാരീരികക്ഷമതയും വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്.

അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ (ACOG) നിർദ്ദേശപ്രകാരം, ആരോഗ്യപരമായ മറ്റ് സങ്കീർണ്ണതകൾ ഇല്ലാത്ത ഗർഭിണികൾ ആഴ്ചയിൽ 150 മിനിറ്റ് നേരം മിതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം നടത്തം, നീന്തൽ, യോഗ തുടങ്ങിയവ ഗർഭകാലത്ത് സുരക്ഷിതമായി ചെയ്യാവുന്നതാണ്.

+ There are no comments

Add yours