ജെറുസലേം: ഇസ്രയേലിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് തികച്ചും ശരിയായ രീതിയിലാണ് പൂർത്തിയായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് കമ്മീഷൻ രംഗത്തെത്തിയത്. ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ ഇടപെടൽ സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കമ്മീഷൻ ചെയർമാന്റെ വിശദീകരണം.
അറ്റോർണി ജനറൽ ഗാലി ബഹാറവ്-മിയാര, ഷിൻ ബെറ്റ് മേധാവി ഡേവിഡ് സിനി, സി.ഇ.സി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡീൻ ലിവ്നെ എന്നിവർക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സോം സോൾബർഗ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അടുത്തത് ആര് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഇസ്രയേലിൽ അനിശ്ചിതത്വം തുടരുകയാണ്.
തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നുവെന്ന ലിക്കുഡ് പാർട്ടിയുടെയും നെതന്യാഹുവിന്റെയും ആരോപണങ്ങൾ അന്വേഷിക്കാൻ ഇസ്രയേൽ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് പുറമെ ചാര സംഘടനയായ മൊസാദും ഈ ആരോപണങ്ങൾ അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, പ്രതിപക്ഷ പാർട്ടിയായ യാഷർ പാർട്ടിയുടെ നേതാവ് ഗാദി ഐസൻകോട്ട് ഭരണം പിടിക്കാനുള്ള തീവ്രശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. നെതന്യാഹു സഖ്യത്തിലെ ചില പാർട്ടികളും അറബ് പാർട്ടികളും തന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യവുമായി സഹകരിക്കുമെന്നാണ് ഐസൻകോട്ടിന്റെ പ്രതീക്ഷ. ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുകയും ഹമാസിനെ ഭീകരസംഘടനയായി കണക്കാക്കുകയും ചെയ്യുന്ന ഏത് രാഷ്ട്രീയ കക്ഷിയുമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.




+ There are no comments
Add yours