തിരുവനന്തപുരം: പിഎസ്സി നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ വൻ ക്രമക്കേട് നടന്നെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്എഫ്ഐ നേതാവ് ജിതിൻ കെ.ജെ എന്ന ഉദ്യോഗാർത്ഥിക്ക് ഒന്നാം റാങ്ക് നൽകിയതിലും, ഇതിനായി പിഎസ്സി അസാധാരണ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിലും സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.
മുൻപ് പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയുടെ മെയിൻ ലിസ്റ്റിൽ പോലും ഉൾപ്പെടാതിരുന്ന ജിതിൻ ഡിവൈഎസ്പി പട്ടികയിൽ ഒന്നാമതെത്തിയത് ദുരൂഹമാണെന്ന് പരാതിയിൽ പറയുന്നു. സബ് ഇൻസ്പെക്ടർ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ഉന്നത യോഗ്യതയുള്ളവരെ പിന്തള്ളിയാണ് ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബിരുദം നേടിയ ഈ ഉദ്യോഗാർത്ഥി ഒന്നാം റാങ്ക് നേടിയതെന്നും, എറണാകുളത്ത് പല കേസുകളിലും ഇയാൾക്കെതിരെ എഫ്ഐആർ നിലവിലുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്. 2019-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെട്ട പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പിന് സമാനമായ സംഭവമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ പിഎസ്സിയുടെ തിടുക്കത്തിലുള്ള നടപടികളും സംശയത്തിനിടയാക്കുന്നുണ്ട്. 2025 സെപ്റ്റംബറിൽ അപേക്ഷ ക്ഷണിച്ച് വെറും മാസങ്ങൾക്കുള്ളിൽ, അതായത് ഡിസംബർ 25-ന് തന്നെ എഴുത്തുപരീക്ഷ നടത്തി. 2026 മാർച്ച് 26-ന് കായികക്ഷമതാ പരിശോധനയും ഏപ്രിൽ 26-ന് ഇന്റർവ്യൂവും പൂർത്തിയാക്കി മെയ് 6-ന് തന്നെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്സി ചെയർമാൻ നേരിട്ട് പങ്കെടുത്ത ഇന്റർവ്യൂവിൽ എഴുത്തുപരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയവരെ പിന്തള്ളാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് പ്രധാന ആക്ഷേപം. 1983-ന് ശേഷം ആദ്യമായാണ് ഡിവൈഎസ്പി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നടക്കുന്നത്.
നിലവിൽ പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയെങ്കിലും ജിതിന് പൊലീസ് ട്രെയിനിംഗിന് പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിയമന ഉത്തരവും പരിശീലനവും തടഞ്ഞുവെക്കണമെന്നും മുഴുവൻ നടപടികളും അന്വേഷിക്കണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ആവശ്യപ്പെട്ടിരിക്കുന്നത്.




+ There are no comments
Add yours