ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന, തമിഴ്നാട്ടിലേക്ക് കടത്തിയത് മൂന്ന് ലോഡ് നെയ്യ്; വിജിലൻസ് റിപ്പോർട്ട്

Estimated read time 0 min read

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ചുവില്പന നടത്തിയ സംഭവത്തിൽ പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്. ശബരിമലയിലേക്ക് കൊണ്ടുപോകാനായി തയ്യാറാക്കിയ 28 ലോഡ് നെയ്യിൽ മൂന്ന് ലോഡാണ് സംഘം തമിഴ്നാട്ടിലേക്ക് കടത്തിയത്. ക്രമക്കേടിന്റെ ലാഭവിഹിതമായി 15 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്നിധാനത്തെ ദേവസ്വം സ്റ്റോർ ചുമതലക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ജയലാലിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെയ്യ് കടത്താൻ നേതൃത്വം നൽകിയ ട്രാൻസ്പോർട്ടേഷൻ കരാറുകാരനായ എസ്.എസ്. ബിനുവിനെ നേരത്തെ തന്നെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഢാലോചനയിൽ ജയലാലിന്റെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ബിനുവിനെ തിരികെ ജയിലിലേക്ക് മാറ്റി.

മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുപോകാനായി കൈപ്പറ്റിയ 11,040 കിലോഗ്രാം (മൂന്ന് ലോഡ്) നെയ്യാണ് തമിഴ്നാട്ടിലെ ഏജൻസികൾക്ക് മറിച്ചുവില്പന നടത്തിയത്. ഈ ഉയർന്ന ഗുണനിലവാരമുള്ള നെയ്യിന് പകരമായി നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ തട്ടിപ്പിലൂടെ ജയലാൽ ഉൾപ്പെടെയുള്ളവർ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

+ There are no comments

Add yours