‘സാമ്പത്തിക പ്രതിസന്ധിയെങ്കിൽ മന്ത്രിമാർക്കും എം.എൽ.എമാർക്കും എങ്ങനെ ശമ്പളം കൂട്ടുന്നു?’; സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സർക്കാർ, മന്ത്രിമാർക്കും എം.എൽ.എമാർക്കും എങ്ങനെയാണ് ശമ്പളം കൂട്ടിക്കൊടുക്കുന്നതെന്ന് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർ. സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും ഉദ്യോഗാർത്ഥികളെയും കള്ളം പറഞ്ഞ് കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റാങ്ക് ഹോൾഡർമാർ ആവശ്യപ്പെട്ടു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നതൊഴികെയുള്ള അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണവും അംഗീകരിച്ചുവെന്നാണ് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നത്. എന്നാൽ അനുപാതം കുറയ്ക്കാതെ റാങ്ക് പട്ടികയിലുള്ള ഒരാൾക്ക് പോലും നിയമനം ലഭിക്കില്ലെന്നതാണ് വാസ്തവം. ഈ വിഷയത്തിൽ 45 ദിവസമെടുത്താണ് സർക്കാർ പഠനം നടത്തിയത്. എന്നാൽ എന്ത് പഠനമാണ് നടന്നതെന്നും അതിന്റെ റിപ്പോർട്ട് എന്താണെന്നും സർക്കാർ പുറത്തുവിടണം. നിയമസഭയിൽ ചോദിച്ചപ്പോൾ എത്ര അധ്യാപകർ നിയമനം കാത്ത് പുറത്തുനിൽക്കുന്നുവെന്നതിന്റെ ഡാറ്റ ശേഖരിച്ചുവരികയാണെന്ന മറുപടിയാണ് ലഭിച്ചത്. സർക്കാരിന്റെ 45 ദിവസത്തെ പഠനം ഉദ്യോഗാർത്ഥികളെ വഞ്ചിക്കാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും അവർ ആരോപിച്ചു.

ഡിവിഷൻ ഫോൾ ഉണ്ടാകുമ്പോൾ അധ്യാപകരെ സംരക്ഷിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിനിധിയായ വളർമതി വ്യക്തമാക്കി. പണം കൊടുത്താൽ മാത്രം ജോലി കിട്ടുന്ന വ്യവസ്ഥിതി മാറിയാൽ മാത്രമേ അർഹരായ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കുകയുള്ളൂ. സാമ്പത്തിക ബാധ്യത വരുത്താത്ത ആവശ്യങ്ങൾ മുന്നോട്ടുവെക്കാൻ സർക്കാർ തന്നെ ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാക്കാൻ തയ്യാറാകുന്നില്ല. സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് മന്ത്രിമാർക്ക് ശമ്പളം കൂട്ടുമ്പോൾ ഉദ്യോഗാർത്ഥികളോട് മാത്രം സാമ്പത്തിക ബാധ്യത പറയുന്നതിൽ അർത്ഥമില്ല.

രണ്ടാംഘട്ട സമരം നടത്തിയിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിൽ ഇനി സർക്കാരുമായി ഒരു ചർച്ചയ്ക്കുമില്ലെന്നും, തങ്ങൾ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും റാങ്ക് ഹോൾഡർമാർ മുന്നറിയിപ്പ് നൽകി.

+ There are no comments

Add yours