എറണാകുളം: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐയുടെ (SFI) മിന്നൽ പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ബാനറുകൾ ഉയർത്തി വേദിക്ക് മുന്നിൽ പ്രതിഷേധിച്ചത്. കാലടിയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളുടെ കാര്യത്തിൽ മന്ത്രി വേദിയിൽ വെച്ചുതന്നെ മറുപടി പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാൽ പ്രതിഷേധത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. ഗുണ്ടായിസം കാണിച്ച് വിദ്യാർത്ഥി പ്രസ്ഥാനം വളർത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് റോജി എം. ജോൺ പറഞ്ഞു. കാലടി സർവകലാശാലയിൽ നടന്നത് തികഞ്ഞ അക്രമമാണെന്നും സർക്കാർ അതിനോട് ഒരിക്കലും യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സർക്കാർ എക്കാലത്തും അംഗീകരിക്കും. എന്നാൽ സമരമെന്ന പേരിൽ അക്രമം നടത്തിയാൽ അത് ഏത് സംഘടനയായാലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സമരത്തിന്റെ പേരിൽ കാലടി സർവകലാശാലയിൽ ഒരു സിൻഡിക്കേറ്റ് യോഗം പോലും നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ഔദ്യോഗിക പരിപാടി നടക്കുമ്പോൾ അത് തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്നും, ചടങ്ങ് കഴിഞ്ഞ ശേഷം ഇക്കാര്യം വിശദമായി സംസാരിക്കാമെന്നും മന്ത്രി എസ്.എഫ്.ഐ പ്രവർത്തകരോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറായില്ല.




+ There are no comments
Add yours