ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണ ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് 3.30-നാണ് പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുക. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറാണ് ചടങ്ങിൽ അധ്യക്ഷത വഹിക്കുക. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ നടത്താനിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പാർലമെന്റ് നടപടിക്രമങ്ങളുടെ അതേ മാതൃകയിലാണ് കുറ്റവിചാരണ ആസൂത്രണം ചെയ്തിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കുന്ന പ്രമേയം ചർച്ച ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടിയോടെ പാസാക്കും. വോട്ട് ചോർച്ചയ്ക്ക് ഇരയായവരടക്കം നാനൂറോളം പേർ ചടങ്ങിൽ പങ്കെടുക്കും. ‘മോക്ക് പാർലമെന്റ്’ എന്നതിന് പകരം ‘ജൻ മഹാഭിയോഗ്’ എന്നാണ് നേതാക്കൾ ഈ ജനകീയ വിചാരണയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഇതിന് പുറമെ, നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് നടക്കുന്ന മഹാറാലിക്കുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. പ്രമുഖ നേതാക്കളെ അണിനിരത്തി വൻ ശക്തിപ്രകടനമാക്കി റാലിയെ മാറ്റാനാണ് ഇന്ത്യാ മുന്നണിയുടെ ലക്ഷ്യം. ഈ രണ്ട് പരിപാടികളുടെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
അതിനിടെ, നവംബർ ഒന്നിലെ മഹാറാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. റാലി നടന്നാൽ വ്യാപാരികൾക്ക് 12,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.




+ There are no comments
Add yours