കോഴിക്കോട്: യാത്രാദുരിതത്താൽ വലയുന്ന മലബാറിലെ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി സൗദി അറേബ്യൻ വിമാനക്കമ്പനിയായ ഫ്ലൈനാസ് (Flynas). വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈനാസ് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. നവംബർ മൂന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും സർവീസ്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ജിദ്ദ-കോഴിക്കോട് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
പുതിയ ഷെഡ്യൂൾ അനുസരിച്ച്, സൗദി സമയം പുലർച്ചെ 2.20-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 10.10-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 11.00 മണിക്ക് പുറപ്പെടുന്ന ഫ്ലൈറ്റ് ഉച്ചയ്ക്ക് 2.50-ന് ജിദ്ദയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി
അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസമാന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നവംബർ 14 വരെ റദ്ദാക്കിയിട്ടുള്ളത്.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ടിക്കറ്റ് തീയതി സൗജന്യമായി മാറ്റാനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 30-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി യാത്രാതീയതി പുതുക്കാവുന്നതാണ്.




+ There are no comments
Add yours