‘ഭക്ഷണത്തിൽ പുഴുവെന്നത് പഴയ നമ്പർ, കായികമേള അലങ്കോലപ്പെടുത്താൻ ചിലരുടെ ശ്രമം’; മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ നടപടിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നിൽ മേള ബോധപൂർവ്വം അലങ്കോലപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊക്കെ പഴയ നമ്പറാണെന്നും, ഇതുകൊണ്ടൊന്നും കായികമേള അലമ്പാകാൻ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മേള വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ടെന്നും അത് അങ്ങനെ തന്നെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്ത കൈരളി ടി.വിയുടെ മാധ്യമപ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തെയും മന്ത്രി അപലപിച്ചു. മാധ്യമപ്രവർത്തകരെയല്ല, ആരെ മർദ്ദിച്ചാലും അത് തെറ്റായ കാര്യമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

വർഷങ്ങളുടെ കഠിനാധ്വാനത്തിനും പ്രയത്നത്തിനും ശേഷമാണ് കുട്ടികൾ ഇത്തരം മേളകളിൽ പങ്കെടുക്കാൻ എത്തുന്നത്. അതിനാൽ അത്തരം വേദികൾ അലങ്കോലപ്പെടുത്താൻ ആരും ശ്രമിക്കരുത്. ജനങ്ങളുടെ അംഗീകാരത്തോടെ അഞ്ച് വർഷം ഭരിക്കാനെത്തിയ സർക്കാരാണിത്. ഈ സർക്കാരിന് ഇത്തരം മേളകൾ നടത്താൻ കഴിയില്ലെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ ഈ കായികമേളയും ഇനി വരാനിരിക്കുന്ന ശാസ്ത്ര-കലാ മേളകളും ഏറ്റവും ഭംഗിയായി തന്നെ സർക്കാർ നടത്തിത്തീർക്കുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours