മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ‘റോബോസ്റ്റാർട്ട് 2026’ റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു…

Estimated read time 0 min read

മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ‘റോബോസ്റ്റാർട്ട് 2026’ റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു
തൃശൂർ, മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് ഡിപ്പാർട്ട്മെൻ്റും മെറ്റ്‌സ് റോബോട്ടിക്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘റോബോസ്റ്റാർട്ട് 2026’ റോബോട്ടിക്സ് പരിശീലന ശിൽപ്പശാല വിജയകരമായി പൂർത്തിയായി. മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ റോബോട്ടിക്സ് ലാബിൽ നടന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അമ്പികാദേവി അമ്മ ടി. നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് വിഭാഗം മേധാവി പ്രൊഫ. ഹാലിസ് ശ്രീരാജ് സ്വാഗതം ആശംസിച്ചു.

റോബോട്ടിക്സിന്റെ അടിസ്ഥാനതത്ത്വങ്ങൾ വിദ്യാർഥികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപ്പശാലയിൽ റോബോട്ടുകളുടെ ഘടനയും പ്രവർത്തനരീതിയും, ആർഡ്വിനോ പ്രോഗ്രാമിങ്, സെൻസറുകൾ, ആക്ചുവേറ്ററുകൾ, മോട്ടോർ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ലൈൻ ഫോളോവിങ്, തടസ്സങ്ങൾ തിരിച്ചറിഞ്ഞ് ദിശമാറ്റി സഞ്ചരിക്കുന്ന റോബോട്ടുകൾ എന്നിവയുടെ നിർമ്മാണവും പരീക്ഷണവും പരിശീലനത്തിന്റെ ഭാഗമായി നടന്നു.

മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് വിഭാഗം അസി. പ്രൊഫ. സുശാന്ത് കെ. എസ്. പരിശീലനത്തിന് നേതൃത്വം നൽകി. സിലബസ് അനുസരിച്ചുള്ള പഠനത്തിൽ നിന്നുള്ള അറിവിനൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകിയ പരിപാടിയിൽ, റോബോട്ടിക്സ് രംഗത്ത് മുൻപരിചയമില്ലാത്ത വിദ്യാർഥികൾക്കും സാങ്കേതികവിദ്യ നേരിട്ട് മനസ്സിലാക്കാനും പരീക്ഷണങ്ങളിലൂടെ അറിവ് നേടാനും അവസരം ലഭിച്ചു.

റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളിൽ വിദ്യാർഥികളുടെ താൽപര്യം വളർത്തുക, പ്രായോഗിക നൈപുണ്യം വികസിപ്പിക്കുക, പ്രശ്നപരിഹാര ശേഷിയും നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള കഴിവും മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യങ്ങൾ.

സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക പരിജ്ഞാനത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകുന്ന മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

+ There are no comments

Add yours