ന്യൂഡൽഹി: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ട്രെയിനുകളിൽ രാത്രി സമയത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ചാർജ് ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡിന്റെ നിർദ്ദേശം. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ ട്രെയിനുകളിലെ ചാർജിംഗ് പോയിന്റുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാക്കാനാണ് നിർദ്ദേശം. ഈ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ റെയിൽവേ സോണുകളുടെ നേതൃത്വത്തിൽ ട്രെയിനുകളിൽ മിന്നൽ പരിശോധനകൾ ശക്തമാക്കി.
സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പരിധിയിലൂടെ സർവ്വീസ് നടത്തിയ ട്രെയിനിൽ അടുത്തിടെ ഒരു യാത്രക്കാരന്റെ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് കോച്ചിനുള്ളിൽ വ്യാപകമായി പുക നിറഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സംഭവത്തിൽ ജീവനക്കാർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ച ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. പവർ ബാങ്ക് പൊട്ടിത്തെറിച്ച സമയത്ത്, നിയമപ്രകാരം ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യേണ്ട സമയമായിരുന്നിട്ടും അത് ചെയ്തിരുന്നില്ല. ഈ മാസം 26-ന് റെയിൽവേ ബോർഡ് പുറത്തിറക്കിയ കത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ റെയിൽവേ സോണുകളിലും ഈ നിയന്ത്രണം യാതൊരു ഇളവുമില്ലാതെ നടപ്പിലാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമം പാലിക്കുന്നതിൽ വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ട്രെയിനുകളിലെ ജീവനക്കാർക്ക് വീണ്ടും ബോധവൽക്കരണവും പരിശീലനവും നൽകാനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്തുള്ള ഈ പുതിയ നിയന്ത്രണങ്ങളോട് യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും ബുദ്ധിമുട്ടുകളും റെയിൽവേ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.




+ There are no comments
Add yours