ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് നടപടികളെയോ ലാത്തിയെയോ ഭയപ്പെടാതെ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർത്ഥി സംഘടനകളും തെരുവിലിറങ്ങണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന മഹാറാലിയിൽ പത്ത് ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. ഇതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സഖ്യനേതാക്കൾ യോഗം ചേർന്നു.
നാളെ മോക്ക് ഇംപീച്ച്മെന്റ്
ഗ്യാനേഷ് കുമാറിനെതിരെ നാളെ വൈകുന്നേരം 3:30-ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യാ സഖ്യം ‘മോക്ക് ഇംപീച്ച്മെന്റ്’ സംഘടിപ്പിക്കും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ ഇതിൽ പ്രതീകാത്മക സ്പീക്കറാകുമെന്ന് ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ പ്രമേയം അവതരിപ്പിക്കുന്ന ചടങ്ങിൽ വിവിധ കക്ഷി നേതാക്കൾ സംസാരിക്കും. വോട്ട് ചോർച്ചയുമായി (വോട്ട് ചോരി) ബന്ധപ്പെട്ട പരാതിക്കാരും എസ്.ഐ.ആർ (SIR) ഇരകളും ഇതിൽ സംസാരിക്കും. രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗത്തിന് ശേഷം ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക പ്രമേയം പാസാക്കുമെന്നും ജോൺ ബ്രിട്ടാസ് വിശദീകരിച്ചു.
ശക്തമായ സുരക്ഷാ വലയത്തിൽ ഡൽഹി
ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും മഹാറാലിയിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യമാകും. ആളുകളെ കൂട്ടാനുള്ള ചുമതല അയൽ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾക്കാണ് നൽകിയിരിക്കുന്നത്.
മഹാറാലിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 3000 പൊലീസുകാരെയും പതിനായിരം അർദ്ധസൈനികരെയുമാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാർ ജന്തർമന്തറിലേക്കും പാർലമെന്റിലേക്കും കടക്കാതിരിക്കാൻ റോഡുകളിൽ കർശനമായ ബാരിക്കേഡുകൾ സ്ഥാപിക്കും. റാലിക്കിടെ അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.




+ There are no comments
Add yours