ചെന്നൈ: ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വ്യാപക നാശം വിതച്ച ‘അർണബ്’ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറി. പത്ത് മണിക്കൂറിലേറെ നീണ്ടുനിന്ന ലാൻഡ്‌ഫോളിനിടെ ആന്ധ്രയിൽ മരം വീണും വൈദ്യുതാഘാതമേറ്റും അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. യാനം ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ കനത്ത കാറ്റും മഴയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലായിരുന്നു അതിതീവ്ര ചുഴലിക്കാറ്റായ അർണബ് വീശിയടിച്ചത്. കൊനസീമ, കാക്കിനാഡ, വിശാഖപട്ടണം, യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ നൂറിലേറെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകളും വൻമരങ്ങളും കടപുഴകി വീണതോടെ 11 ജില്ലകളിലായി 25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.
കാർഷിക മേഖലയിലും ചുഴലിക്കാറ്റ് വൻ തിരിച്ചടിയാണ് നൽകിയത്. 70,900 ഹെക്ടറിലെ നെൽകൃഷി ഉൾപ്പെടെ മൊത്തം 81,350 ഹെക്ടർ പ്രദേശത്തെ കാർഷിക വിളകൾ പൂർണ്ണമായും നശിച്ചു. പലയിടങ്ങളിലും 30 സെന്റീമീറ്റർ വരെ മഴ ലഭിച്ചതിനാൽ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. ആന്ധ്രയ്ക്ക് പുറമെ ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും അർണബിന്റെ സ്വാധീനഫലമായി ശക്തമായ മഴയും കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




+ There are no comments
Add yours