‘ജഡ്ജി രക്ഷപ്പെടാൻ എല്ലാ തന്ത്രങ്ങളും പയറ്റുന്നു, ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല’: ചേരാനല്ലൂർ കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

Estimated read time 0 min read

എറണാകുളം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് മധ്യവയസ്കൻ മരിച്ച കേസിൽ, കുട്ടിയുടെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിൽ പ്രതിയായ ന്യായാധിപൻ ശിക്ഷയിൽ നിന്ന് ഊരിപ്പോരാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുകയാണെന്നും തങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

ഗസറ്റഡ് റാങ്കിന് മുകളിലിരിക്കുന്ന വ്യക്തിയായതുകൊണ്ടാണ് പ്രതിക്ക് മുൻകൂർ ജാമ്യത്തിനായി നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ കഴിഞ്ഞതെന്ന് ജില്ലാ ജഡ്ജി തങ്ങളെ അറിയിച്ചതായി കുടുംബം പറയുന്നു. അപകടത്തിന് ശേഷം പ്രതിയായ ജഡ്ജിയെ അറസ്റ്റ് ചെയ്യുകയോ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ല. ഹൈക്കോടതി തങ്ങളുടെ വാദം കേട്ടിട്ടില്ലെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി.

കേസിൽ രണ്ടാം പ്രതിയായ ജഡ്ജിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തടഞ്ഞത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിൽ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ ജഡ്ജിക്ക് നിർദ്ദേശം നൽകിയിരുന്നു. തെളിവ് നശിപ്പിച്ചതായി സംശയമുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നും പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

അപകടത്തിന് പിന്നാലെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിൽ പോയ സംഭവത്തിലും ജഡ്ജി കോടതിക്ക് വിശദീകരണം നൽകിയിരുന്നു. താൻ ഒരു പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്റ്റേഷൻ സന്ദർശിക്കാൻ മാത്രമേ ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി ആവശ്യമുള്ളൂ എന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.

+ There are no comments

Add yours