എറണാകുളം: ചേരാനല്ലൂരിൽ മധ്യവയസ്കൻ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. പ്രതി തെളിവ് നശിപ്പിച്ചതായി സംശയമുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാൻ കോടതി ജഡ്ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിൽ പോയതുമായി ബന്ധപ്പെട്ടും ജഡ്ജി കോടതിക്ക് വിശദീകരണം നൽകി. ഒരു പിതാവെന്ന നിലയിലാണ് താൻ സ്റ്റേഷനിൽ പോയതെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്റ്റേഷൻ സന്ദർശിക്കാൻ മാത്രമേ ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി ആവശ്യമുള്ളൂ എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തനിക്കെതിരെ ചുമത്തിയ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നാണ് ജഡ്ജി മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. തന്നെ അറിയിക്കാതെയാണ് മകൻ കാറുമായി പുറത്തുപോയത്. ആ സമയത്ത് താൻ ഉറക്കത്തിലായിരുന്നു. പുലർച്ചെ 2.14-നാണ് അപകടവിവരം അറിയുന്നത്. മകന് വാഹനം ഓടിക്കാൻ താൻ അനുമതി നൽകിയിട്ടില്ല. കേവലം വാഹനത്തിന്റെ ഉടമസ്ഥനാണ് എന്നത് മാത്രം ഒരു കുറ്റത്തിന് അടിസ്ഥാനമാകില്ല. തന്റെ വീട്ടിലെ പരിശോധനകൾ ഇതിനോടകം പൂർത്തിയായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിലാണ് അഡീഷണൽ സെഷൻസ് ജഡ്ജിയെ പൊലീസ് പ്രതിചേർത്തത്. കേസിൽ അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിച്ച കോടതി തൽക്കാലം അറസ്റ്റ് നടപടികൾ പാടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.




+ There are no comments
Add yours