കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ ചുണ്ടിൽ എപ്പോഴുമുണ്ടാകുന്ന ചില വരികളുണ്ട്; അതിൽ വിപ്ലവമുണ്ട്, പ്രണയമുണ്ട്, അതിലുപരി പച്ചയായ മനുഷ്യനുണ്ട്. മനുഷ്യപക്ഷത്ത് എക്കാലത്തും ഉറച്ചുനിന്ന പ്രിയ കവി വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഇന്നേക്ക് 51 വർഷം തികയുന്നു.
മലയാളികൾക്ക് വയലാർ എന്നത് വെറുമൊരു സ്ഥലപ്പേരല്ല, തലമുറകൾ ഹൃദയത്തോട് ചേർത്തുപിടിച്ച വികാരമാണ്. സന്തോഷങ്ങളിൽ ആനന്ദം പകരാനും ഏകാന്തതയിൽ സാന്ത്വനമാകാനും അദ്ദേഹത്തിന്റെ വരികൾക്ക് കഴിഞ്ഞു. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ചലച്ചിത്ര ഗാനങ്ങളിൽ കവിതയുടെ മാധുര്യം നിറച്ച ആ രചനകൾ ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള അതുല്യ പ്രതിഭകളുടെ സംഗീതത്തിൽ ലയിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.
പ്രണയിനിയെ ‘ചക്രവർത്തിനി’ എന്നും, ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’ എന്നും, ‘കായാമ്പൂ കണ്ണിൽ വിടരുന്നവൾ’ എന്നും കാവ്യാത്മകമായി വർണ്ണിച്ച അതേ തൂലികയിൽ നിന്ന് തന്നെയാണ് ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ദാർശനിക വരികളും പിറന്നുവീണത്. ‘ബലികുടീരങ്ങളേ’, ‘സഖാക്കളേ മുന്നോട്ട്’ തുടങ്ങിയ ഗാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് – പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം പകർന്നുനൽകിയ വീര്യം ചെറുതല്ല. നാടക ഗാനരംഗത്തും സജീവമായിരുന്ന അദ്ദേഹം സാംസ്കാരിക സാഹിത്യ പ്രസ്ഥാനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു.
പ്രശസ്തിയുടെ നെറുകയിൽ നിൽക്കവേ, തന്റെ 47-ാമത്തെ വയസ്സിലാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. കവി വിടവാങ്ങിയെങ്കിലും ആ തൂലികയിൽ നിന്ന് പിറന്ന വരികൾക്ക് മരണമില്ല. ‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും, മാനിക്കയില്ല ഞാന്‍ മാനവമൂല്യങ്ങള്‍ മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും’ എന്ന് പാടിയ ആ മഹാകവിയുടെ സ്മരണകൾക്ക് മുന്നിൽ തലമുറകളുടെ പ്രണാമം.




+ There are no comments
Add yours