പി.എസ്.സി പരീക്ഷാക്രമക്കേട്: ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; ചെയർമാനെ ചോദ്യം ചെയ്യും

Estimated read time 0 min read

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ കൂടി അന്വേഷണ സംഘം രജിസ്റ്റർ ചെയ്തു. ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിലെ ക്രമക്കേടുകളിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. ഖാദി ബോർഡിൽ ഒരു പി.എസ്.സി അംഗത്തിന്റെ ബന്ധുവിനും, ഫിഷറീസ് വകുപ്പിൽ ചോദ്യപേപ്പർ തയ്യാറാക്കിയ കോളേജിലെ വിദ്യാർത്ഥികൾക്കുമാണ് അന്യായമായി നിയമനം ലഭിച്ചത് എന്നതാണ് പ്രധാന ആരോപണം.

കോടതി വ്യവഹാരങ്ങളിലൂടെ അന്വേഷണത്തിന് ഏറെ സമയം നഷ്ടപ്പെട്ട സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. ഇതിന് പുറമെ കൂടുതൽ പി.എസ്.സി അംഗങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകും.

നിലവിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായാൽ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഈ നീക്കം. അതേസമയം, പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ഓരോ ദിവസവും കൂടുതൽ പരാതികളാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

+ There are no comments

Add yours