കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിരക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഇ.പി. ശ്യാംജിത്ത്. എസ്.എൻ ശശിധരൻ കർത്തയുടെ പണമാണ് ഇന്ദിര റിസോർട്ടിൽ നിക്ഷേപിച്ചതെന്നും ഇതിൻ്റെ മുഴുവൻ തെളിവുകളും കണക്കുകളും ഉടൻ പുറത്തുവിടുമെന്നും ജയരാജൻ്റെ അനന്തരവൻ കൂടിയായ ശ്യാംജിത്ത് വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ല. വൈദേകം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ഭീഷണിയെ തുടർന്നാണ് വിവാദ പോസ്റ്റ് തന്റേതല്ലെന്ന് മുൻപ് പറയേണ്ടി വന്നത്. തന്റെ അമ്മാവനായ ഇ.പി. ജയരാജനല്ല ഇതിലെ പ്രതിയെന്നും, മറിച്ച് ചെയർമാനായ പി.കെ. ഇന്ദിരയാണെന്നും ശ്യാംജിത്ത് ആവർത്തിച്ചു.
അതേസമയം, ശ്യാംജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വൈദേകം മാനേജ്‌മെന്റും രംഗത്തെത്തി. ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് അഞ്ച് ലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് ദീപയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും, ഇതിൻ്റെ വൗച്ചറുകൾ ഉൾപ്പെടെ പുറത്തുവിട്ടിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറഞ്ഞു.
കൂടാതെ, സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പി.ആർ.ഒ എന്ന പേരിൽ വ്യാജ വിസിറ്റിങ് കാർഡുകൾ അടിച്ചിറക്കിയെന്നും, ഇതിനെതിരെ അദ്ദേഹം ജോലി ചെയ്യുന്ന ഐ.സി.എമ്മിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈദേകം മാനേജ്‌മെന്റ് വിശദീകരിച്ചു.




+ There are no comments
Add yours