ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയെ പൊലീസ് ചോദ്യംചെയ്തു; 17കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് അന്വേഷണസംഘം

Estimated read time 0 min read

കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ നടപടികൾ കർശനമാക്കി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അപകടസമയത്ത് വാഹനം മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ കുറ്റകരമായ നരഹത്യയാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.

ഇതിനിടെ കേസിൽ പ്രതിചേർക്കപ്പെട്ട പതിനേഴുകാരന്റെ പിതാവും അഡീഷണൽ ജഡ്ജിയുമായ റിനോ ഫ്രാൻസിസ് സേവ്യറെ പൊലീസ് ചോദ്യംചെയ്തു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തിയായിരുന്നു അന്വേഷണസംഘം ചോദ്യം ചെയ്തത്. എന്നാൽ, തന്റെ അറിവോടെയല്ല മകൻ വാഹനം എടുത്തതെന്നാണ് ജഡ്ജി പൊലീസിന് നൽകിയ മൊഴി. ഇതിലെ തുടർനടപടികൾ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.

അതേസമയം, മുൻപ് വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാനായി 17കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി വിവരമുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും കർശന നടപടികളിലേക്ക് കടക്കുകയാണ്. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർ.സി സസ്പെൻഡ് ചെയ്യുന്നതിനൊപ്പം, മോട്ടോർ വാഹന നിയമപ്രകാരം 17കാരന് 25 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിന് വിലക്കേർപ്പെടുത്താനും എം.വി.ഡി നീക്കം നടത്തുന്നുണ്ട്.

ജഡ്ജിക്കെതിരായ അച്ചടക്ക നടപടികളും ഉടനുണ്ടാകുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്ജിമാരും ഉൾപ്പെടുന്ന ഹൈക്കോടതി അച്ചടക്ക സമിതി ഉടൻ യോഗം ചേരും. സമിതിക്ക് മുമ്പാകെ സമർപ്പിക്കാനുള്ള റിപ്പോർട്ട് ഇതിനോടകം തയ്യാറായിട്ടുണ്ട്.

കേസിന്റെ തുടർനടപടികൾ വിലയിരുത്താനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരം എ.ഡി.ജി.പി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. 17കാരന്റെ ജാമ്യം റദ്ദാക്കുക, സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ മൂന്ന് ആവശ്യങ്ങളാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം മുന്നോട്ടുവെക്കുന്നത്. ഇന്ന് തന്നെ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ നിലപാട്.

+ There are no comments

Add yours