കോട്ടയം: ഈരാറ്റുപേട്ട പൊലീസിനെതിരെ കസ്റ്റഡി മർദന ആരോപണവുമായി ആദിവാസി യുവാവ്. പൂഞ്ഞാർ സ്വദേശിയും കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനുമായ അഭിലാഷാണ് തനിക്ക് പൊലീസിൽ നിന്നും ക്രൂരമർദനമേറ്റെന്ന് കാണിച്ച് കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ ആരോപണം.
അടുത്തിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കമ്പികൾ മോഷണം പോയതുമായി ബന്ധപ്പെട്ട് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഈരാറ്റുപേട്ട പൊലീസ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ വീട്ടിലെത്തിയ പൊലീസ് സംഘം തന്നെ വീട്ടിൽ വെച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ച ശേഷവും മർദിച്ചുവെന്ന് അഭിലാഷ് പറയുന്നു. മർദനത്തിൽ തലയ്ക്ക് പിന്നിലുൾപ്പെടെ പരിക്കേറ്റ ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, യുവാവിന്റെ ആരോപണങ്ങൾ പൊലീസ് പൂർണ്ണമായും നിഷേധിച്ചു. മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പാലാ ഡിവൈ.എസ്.പിയുടെ വിശദീകരണം. സംഭവത്തിൽ പരാതി ലഭിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്.പി അറിയിച്ചു.




+ There are no comments
Add yours