തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ചർച്ചയായ എസ്.എം.എ (SMA) മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാർ നടത്തിയ വാർത്താസമ്മേളനം പാർട്ടിക്ക് തിരിച്ചടിയായെന്ന് സിപിഐഎം നേതാക്കളുടെ വിലയിരുത്തൽ. ജനറിക് മരുന്നുകൾ സംബന്ധിച്ച പാർട്ടിയുടെ അടിസ്ഥാന നിലപാട് വാർത്താസമ്മേളനത്തിൽ പ്രതിഫലിച്ചില്ലെന്നും ഉന്നയിച്ച വാദങ്ങളിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചെന്നുമാണ് പ്രധാന വിമർശനം.
രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ മുൻനിർത്തി സംസാരിക്കുന്നതിന് പകരം, മരുന്ന് പരീക്ഷണമാണ് നടക്കുന്നതെന്ന വാദം ഉയർത്തിയത് വലിയ വീഴ്ചയായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വിഷയം കൈകാര്യം ചെയ്തതിൽ പാളിച്ച സംഭവിച്ചെന്ന് ബോധ്യമായതോടെ മുതിർന്ന നേതാക്കളടക്കം ഇപ്പോൾ കടുത്ത മൗനത്തിലാണ്. സാധാരണയായി സർക്കാർ വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്ന നേതാക്കൾ പോലും ഈ വിവാദത്തിൽ അഭിപ്രായം പറയാൻ തയ്യാറായിട്ടില്ല.
മരുന്ന് കമ്പനിയുടെ മേധാവി ആശുപത്രി സൂപ്രണ്ടിനൊപ്പം മന്ത്രിയെ സന്ദർശിച്ചത് പൂർണ്ണമായും ചട്ടവിരുദ്ധമാണെന്നായിരുന്നു മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ആരോപണം. കൂടാതെ, എസ്.എം.എ ബാധിതരായ കുട്ടികൾക്ക് ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് നൽകിയത് ഗുരുതരമായ തെറ്റാണെന്നും അത് മരുന്ന് പരീക്ഷണമാണെന്നുമായിരുന്നു മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പാർട്ടിയും ഉന്നയിച്ച പ്രധാന വിമർശനം. എന്നാൽ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഉന്നയിച്ച ഈ വാദങ്ങളാണ് ഇപ്പോൾ പാർട്ടിക്ക് തന്നെ വിനയായി മാറിയിരിക്കുന്നത്.




+ There are no comments
Add yours