പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ഹൈക്കോടതി; നടന്നത് വൻ ആസൂത്രിത അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്

Estimated read time 0 min read

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കേസിലെ മുഖ്യപ്രതിയെ ഇതുവരെ ചോദ്യം ചെയ്യാത്തതെന്താണെന്നും എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചോദിച്ചു. അതേസമയം, അന്വേഷണത്തോട് പിഎസ്‌സി നിസ്സഹകരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിന് പിഎസ്‌സി ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോവുകയാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ചട്ടവിരുദ്ധമായാണ് നടക്കുന്നതെന്നായിരുന്നു പിഎസ്‌സിയുടെ വാദം. പരീക്ഷാ നടത്തിപ്പിലുണ്ടായത് വെറുമൊരു ക്ലെറിക്കൽ പിഴവല്ലെന്നും ബോധപൂർവ്വമുള്ള അട്ടിമറിയാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പരീക്ഷാ അട്ടിമറിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥിക്ക് ഒന്നാം റാങ്ക് ഉറപ്പാക്കാൻ വേണ്ടി ആസൂത്രിതമായ നീക്കങ്ങൾ നടന്നെന്നാണ് കണ്ടെത്തൽ. ഈ ഉദ്യോഗാർത്ഥിക്ക് ഉത്തരം എഴുതാൻ കഴിയാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. ഇതുവഴി, ഉയർന്ന റാങ്ക് ലഭിക്കേണ്ടിയിരുന്ന മറ്റ് പല ഉദ്യോഗാർത്ഥികൾക്കും ലഭിക്കേണ്ട അമ്പതോളം മാർക്ക് നഷ്ടമായി. യഥാർത്ഥത്തിൽ രണ്ടാം റാങ്കുകാരനെക്കാൾ 53 മാർക്ക് കുറവുള്ള ഈ ഉദ്യോഗാർത്ഥി, ഈ അട്ടിമറിയിലൂടെ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുകയായിരുന്നു.

+ There are no comments

Add yours