ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട മിൽമ ഡയറിയിൽ നിന്നും ശബരിമലയിലേക്ക് നെയ്യ് എത്തിക്കാൻ കരാറെടുത്തിരുന്ന ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനുവിനെയാണ് വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. 11,040 കിലോഗ്രാം നെയ്യ് ഇയാൾ തട്ടിയെടുത്ത് തമിഴ്നാട്ടിലേക്ക് മറിച്ചുവിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി.
2015-ലെ ശബരിമല തീർത്ഥാടന കാലത്താണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്നും വാങ്ങിയ നെയ്യിന്റെ ഒരു ഭാഗം വഴിമധ്യേ തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജൻസികൾക്ക് വ്യാജരേഖകൾ ചമച്ച് ഇയാൾ മറിച്ചുവില്ക്കുകയായിരുന്നു. ചെക്ക് പോസ്റ്റുകളിൽ ഉൾപ്പെടെ കൃത്രിമരേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പകരമായി നിലവാരം കുറഞ്ഞ നെയ്യാണ് ശബരിമലയിൽ എത്തിച്ചതെന്നും, ഇതുവഴി ബിനു വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇരുപതിനായിരം യൂണിറ്റ് അരവണ നിർമ്മിക്കാനുള്ള നെയ്യാണ് അന്ന് മിൽമയിൽ നിന്നും കൈപ്പറ്റിയിരുന്നത്. എന്നാൽ കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന ആരോപണം ശക്തമായതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതും ഇപ്പോൾ അറസ്റ്റിലേക്ക് നയിച്ചതും.




+ There are no comments
Add yours