ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷമെന്ന ഐ.ടി.ബി.പി മേധാവിയുടെ വെളിപ്പെടുത്തൽ കേന്ദ്രത്തിന് കുരുക്കാകുന്നു; പ്രതികരണം പിൻവലിച്ചു

Estimated read time 1 min read

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ ശത്രുജിത് കപൂറിന്റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന കേന്ദ്ര വാദത്തെ പൊളിക്കുന്നതാണ് യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് കാവലൊരുക്കുന്ന സേനയുടെ തലവന്റെ വാക്കുകൾ. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ അദ്ദേഹത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

അതിർത്തിയിലെ തർക്കങ്ങൾ സമീപകാലത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചെന്നും, പരമ്പരാഗത സൈനിക ശക്തിയിൽ ചൈന ഏറെ മുന്നിലെത്തിയെന്നുമായിരുന്നു ശത്രുജിത് കപൂറിന്റെ പരാമർശം. അതിർത്തിയിൽ യാതൊരുവിധ സംഘർഷങ്ങളില്ലെന്നും ഇന്ത്യൻ സൈന്യം കൃത്യമായി പട്രോളിംഗ് നടത്തുന്നുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ ഇതുവരെ ആവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഐ.ടി.ബി.പി മേധാവിയുടെ വെളിപ്പെടുത്തൽ സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.

അതേസമയം, അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുന്നത് ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനായി നയതന്ത്ര-സൈനിക തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

+ There are no comments

Add yours