കൽപ്പറ്റ: റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ, അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. എന്നാൽ, ലില്ലി ജോസിനെ കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയ ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന് പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് കോടതി നിർദ്ദേശിച്ചു.
അനധികൃതമായി മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാമാതാവായ ലില്ലി ജോസ് ആണെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. ബാങ്ക് ജപ്തി ചെയ്ത ശേഷം ലേലത്തിലാണ് ലില്ലി ജോസ് ഈ വീട് സ്വന്തമാക്കിയതെന്നും, വീട് നിലവിൽ തന്റെ പേരിലല്ലാത്തതിനാലും കോടതി അറ്റാച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാലും കേസ് നിലനിൽക്കില്ലെന്നും ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ വാഴവറ്റയിലെ വീട് ആന്റോയുടേത് തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എക്സൈസ് സംഘം. കൂടാതെ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചാണ് വീട് നിർമ്മിച്ചതെന്നും എക്സൈസ് ചൂണ്ടിക്കാട്ടുന്നു.
വാഴവറ്റയിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.




+ There are no comments
Add yours