സഡൻഡെത്തിൽ മലപ്പുറത്തെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ്; സെമി ഫൈനൽ പ്രതീക്ഷകൾ സജീവം

Estimated read time 1 min read

കണ്ണൂർ: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയെ സഡൻഡെത്തിൽ 7-6 ന് തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ് എഫ്.സി സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്.സി തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തിയാൽ കണ്ണൂരിന് സെമി യോഗ്യത നേടാം. കാലിക്കറ്റ് എഫ്.സി (23 പോയിന്റ്), മലപ്പുറം എഫ്.സി (18), ഫോഴ്സ കൊച്ചി എഫ്.സി (13) എന്നീ ടീമുകൾ ഇതിനോടകം സെമിയിൽ ഇടമുറപ്പിച്ചിട്ടുണ്ട്. 10 മത്സരങ്ങളിൽ നിന്ന് കണ്ണൂരിന് നിലവിൽ 12 പോയിന്റാണുള്ളത്.

ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആവേശം അലതല്ലിയ മത്സരത്തിൽ നിശ്ചിത സമയത്തും (4-4) പെനാൽറ്റി ഷൂട്ടൗട്ടിലും (4-4) ഇരുടീമുകളും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ സഡൻഡെത്ത് വേണ്ടിവന്നത്. സഡൻഡെറ്റിൽ അബ്ദുൽ ബാദിഷിന്റെ കിക്ക് പുറത്തേക്ക് പോയതോടെ കണ്ണൂർ നിർണായക വിജയം സ്വന്തമാക്കി.

കനത്ത മഴയിൽ ആരംഭിച്ച മത്സരത്തിന്റെ 15-ാം മിനിറ്റിൽ അസിയർ ഗോമസിന്റെ കോർണർ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് ബോഗ്ദൻ സ്റ്റെമൻകോവിച്ച് കണ്ണൂരിന് ലീഡ് നൽകി (1-0). എന്നാൽ 30-ാം മിനിറ്റിൽ എൽഫോർസിയുടെ ഫ്രീകിക്ക് ഗോൾകീപ്പറുടെ പിഴവിൽ വലയിൽ കയറിയതോടെ മലപ്പുറം ഒപ്പമെത്തി (1-1). ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ എൽഫോർസിയുടെ പാസിൽ നിന്ന് ജോൺ കെന്നഡി മലപ്പുറത്തെ മുന്നിലെത്തിച്ചു (2-1).

രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ തന്റെ രണ്ടാം ഗോളിലൂടെ സ്റ്റെമൻകോവിച്ച് കണ്ണൂരിനായി സമനില പിടിച്ചു (2-2). 55-ാം മിനിറ്റിൽ അസിയർ ഗോമസിന്റെ ഷോട്ട് മുഹമ്മദ് റിസ്വാന്റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറിയതോടെ കണ്ണൂർ വീണ്ടും മുന്നിലെത്തി (3-2). എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ പകരക്കാരൻ മുഹമ്മദ് മെഹ്ദി മലപ്പുറത്തിനായി സമനില ഗോൾ നേടി (3-3). 71-ാം മിനിറ്റിൽ പൗളോ വിക്ടറിന്റെ ബാക്ക്ഹീൽ പാസിൽ നിന്ന് നെദീം ഹാദ്‌സിച്ച് മലപ്പുറത്തെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും (4-3), 84-ാം മിനിറ്റിൽ എസെർ കോസിച്ച് കണ്ണൂരിന്റെ രക്ഷകനായി അവതരിച്ചതോടെ മത്സരം 4-4 എന്ന നിലയിൽ അവസാനിച്ചു.

പത്താം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് (നവംബർ 26, വ്യാഴം) രാത്രി 7.30-ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി എഫ്.സി, കാലിക്കറ്റ് എഫ്.സിയെ നേരിടും. ആദ്യ പാദത്തിൽ കൊച്ചി 3-0 ന് വിജയിച്ചിരുന്നു. ഇന്ത്യയിൽ സീ5 (ZEE5), യു.എ.ഇയിൽ ഇത്തിസാലാത്ത് ടിവി, മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്ക മേഖലകളിൽ സ്റ്റാർസ്‌പ്ലേ എന്നിവയിലൂടെ മത്സരം തത്സമയം കാണാം.

+ There are no comments

Add yours