26/11 മുംബൈ ഭീകരാക്രമണം: രാജ്യത്തെ നടുക്കിയ കറുത്ത ദിനത്തിന് ഇന്ന് 18 വർഷം

Estimated read time 1 min read

മുംബൈ: രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 18 വർഷം. 2008 നവംബർ 26-നാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം മുംബൈ നഗരത്തിൽ അരങ്ങേറിയത്. പാകിസ്ഥാനിൽ നിന്ന് കടൽമാർഗം മുംബൈ തീരത്തെത്തിയ പത്ത് ലഷ്‌കർ ഇ തയ്ബ ഭീകരർ വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടൽ, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ എന്നിവിടങ്ങളിലായിരുന്നു ഭീകരരുടെ വിളയാട്ടം. വെടിയൊച്ചകളും നിലവിളികളും നിറഞ്ഞ നഗരത്തിൽ വിദേശികളടക്കം 166 പേർക്കാണ് ജീവൻ നഷ്ടമായത്. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.

മൂന്ന് ദിവസത്തോളം രാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ഏറ്റുമുട്ടൽ നവംബർ 29-ന് രാവിലെ എട്ടുമണിയോടെയാണ് അവസാനിച്ചത്. ഒൻപത് ഭീകരരെ സുരക്ഷാസേന വധിച്ചു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻ.എസ്.ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ പോരാട്ടത്തിനിടെ വീരമൃത്യു വരിച്ചു. ജീവനോടെ പിടികൂടിയ ഏക ഭീകരൻ അജ്മൽ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടവീര്യവും പ്രതിജ്ഞാബദ്ധതയും ലോകത്തിന് മുന്നിൽ ഉറപ്പിച്ച സംഭവമായിരുന്നു മുംബൈ ഭീകരാക്രമണം. ഇതിന് പിന്നാലെ 2016-ൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിലും ഉറി സൈനിക ക്യാമ്പിലും, 2019-ൽ പുൽവാമയിലും, 2025-ൽ പഹൽഗാമിലും ഇന്ത്യ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയെങ്കിലും, പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകൾ ഇപ്പോഴും ഇന്ത്യയെ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുകയാണ്.

+ There are no comments

Add yours