തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഫോൺ സംഭാഷണത്തിൽ കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
നേരത്തെ, ഹോസ്റ്റലിൽ നടന്ന പൊലീസ് ലാത്തിച്ചാർജിൽ കന്റോൺമെന്റ് സി.ഐക്കും എസ്.ഐക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നേതാക്കൾ ഈ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. “പറ്റുന്നതൊക്കെ ചെയ്‌തോ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശമുള്ളതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തിവെച്ചിരിക്കുന്നത്” എന്നും ഫോൺ കോളിൽ എസ്.ഐ പറയുന്നത് കേൾക്കാം.
സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശബ്ദരേഖയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് എ.ഡി.ജി.പി നിർദ്ദേശം നൽകിയിരിക്കുന്നത്.




+ There are no comments
Add yours