തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടൽ. മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുവരും തിങ്കളാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്തും.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശാസ്തമംഗലം വാർഡ് കൗൺസിലറായ ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയത്. എന്നാൽ, ചട്ടപ്രകാരം നഗരസഭാ സെക്രട്ടറിക്കാണ് രാജി സമർപ്പിക്കേണ്ടത്. കത്ത് ലഭിച്ചതായി മേയർ സ്ഥിരീകരിച്ചെങ്കിലും, തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. കേവലഭൂരിപക്ഷത്തിന് 51 അംഗങ്ങളുടെ പിന്തുണ വേണ്ട തിരുവനന്തപുരം കോർപ്പറേഷനിൽ, ശ്രീലേഖ രാജിവെക്കുന്നതോടെ ബി.ജെ.പിയുടെ അംഗബലം 49 ആയി ചുരുങ്ങും.
പാർട്ടി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചനകൾ. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ശേഷം പിന്നീട് തഴഞ്ഞതിൽ അവർക്ക് എതിർപ്പുണ്ടായിരുന്നു. കൂടാതെ, വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദേശീയ വനിതാ കമ്മീഷൻ അംഗത്വം അടുത്തിടെ നിവേദിത സുബ്രഹ്മണ്യത്തിന് നൽകിയതും അതൃപ്തിക്ക് കാരണമായി. അർഹമായ പദവികൾ നൽകാമെന്ന നേതാക്കളുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതിലുള്ള പ്രതിഷേധമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.





+ There are no comments
Add yours