മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ജഗദീഷും ഉർവശിയും; ദുരൂഹതയുണർത്തി ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

Estimated read time 1 min read

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ ജോഡികളായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിന്റെ തിരിച്ചുവരവ്. എൺപതുകളിലും തൊണ്ണൂറുകളിലുമായി ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ നിരവധി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരജോഡികൾ വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്റർ പ്രേക്ഷകരിൽ ഇതിനോടകം വലിയ ആകാംക്ഷയുണർത്തിയിട്ടുണ്ട്. ഉർവശിയുടെ കഥാപാത്രം കോവണിപ്പടികൾ ഇറങ്ങിവരുമ്പോൾ, ജഗദീഷിന്റെ കഥാപാത്രം പടികൾ കയറിവരുന്നതാണ് പോസ്റ്ററിലുള്ളത്. ഇരു കഥാപാത്രങ്ങളുടെയും മുഖത്ത് നിഴലിക്കുന്ന ദുരൂഹതയും, പടവുകളിൽ വീഴുന്ന വ്യത്യസ്തമായ വെളിച്ചവും ചിത്രത്തിന്റെ പ്രമേയത്തിലേക്കും സ്വഭാവത്തിലേക്കും വിരൽചൂണ്ടുന്നതാണ്.

സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോനും ശങ്കർ ശർമ്മയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നൽകുന്നത് ശങ്കർ ശർമ്മയാണ്. മനു ജഗത് (പ്രൊഡക്ഷൻ ഡിസൈനർ), അനീവ് സുകുമാർ (ചീഫ് അസോസിയേറ്റ്) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

+ There are no comments

Add yours