തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ (PM SHRI) പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകേണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം ലീഗും യൂത്ത് ലീഗും കടുത്ത എതിർപ്പും വിമർശനവും ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ പിൻമാറ്റം.
ഇതിന്റെ ഭാഗമായി പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതിയുടെ യോഗം ഉടനടി ചേരില്ലെന്നാണ് വിവരം. ഉയർന്നുവന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
അതേസമയം, പദ്ധതിയുമായി തുടർന്നും സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അടുത്തിടെ കത്തയച്ചിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി കേരളം നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണെന്നും, വിദ്യാർത്ഥികളുടെ താത്പര്യം മുൻനിർത്തി ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാൽ, രാഷ്ട്രീയമായ എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശങ്ങളുമായി തൽക്കാലം മുന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ.




+ There are no comments
Add yours