ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: ജന്തർമന്തറിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

Estimated read time 0 min read

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്താനിരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. 20 ദിവസം നീളുന്ന പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ് ലീഗൽ സംഘം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ഡി.സി.പി ഓഫീസിലും എത്തിയിരുന്നു. പൊലീസ് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വിലക്കുണ്ടെങ്കിലും ഒക്ടോബർ ഒന്നിന് ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ലീഗൽ ടീം പ്രഖ്യാപിച്ചു.

ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ തലപ്പത്ത് നിന്ന് പടിയിറങ്ങണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് പ്രതിപക്ഷം. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ പി.സി.സികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഡൽഹിയിൽ യൂത്ത് കോൺഗ്രസിന്റെയും ഡൽഹി പ്രദേശ് കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇതിനിടെ രാജി ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ സി.പി.ഐ.എം പ്രവർത്തകർ ഡൽഹിയിലെ ഭഗത് സിംഗ് പ്രതിമയിലേക്ക് മാർച്ചും സംഘടിപ്പിച്ചു.

+ There are no comments

Add yours