തിരുവനന്തപുരം: റാങ്ക് ഹോൾഡർമാരുടെ സമരം 129-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിന് തയ്യാറാകാത്ത സർക്കാർ നിലപാടിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി മറന്നുവെന്നും, നിരാഹാര സമരപ്പന്തൽ പൊളിക്കാൻ പൊലീസിനെ ഉപയോഗിക്കുന്നത് വലിയ ഇരട്ടത്താപ്പാണെന്നും ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും കെ. സുരേന്ദ്രനും കുറ്റപ്പെടുത്തി.
പന്തൽ പൊളിച്ചാൽ സമരം തീരില്ല: രാജീവ് ചന്ദ്രശേഖർ
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ബി.ജെ.പിയുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പന്തൽ പൊളിച്ചാൽ സമരം പൊളിയുമെന്ന് സർക്കാർ കരുതരുത്. സമരക്കാരെ അടിച്ചമർത്തുകയല്ല, മറിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ ആശാവർക്കർമാർക്കൊപ്പം നിന്ന വി.ഡി സതീശൻ ഇന്ന് എന്തുകൊണ്ട് ഉദ്യോഗാർത്ഥികൾക്കൊപ്പം നിൽക്കുന്നില്ല? ‘പുതുയുഗ കേരളം’ എന്ന് പറഞ്ഞാണ് സർക്കാർ മുന്നോട്ടുപോകുന്നതെങ്കിലും പ്രവർത്തനത്തിൽ അതൊന്നും പ്രതിഫലിക്കുന്നില്ലെന്നും, പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികാരത്തിലെത്തിയപ്പോൾ വാക്ക് മാറ്റി: കെ. സുരേന്ദ്രൻ
സമരപ്പന്തലിലെത്തി ഉദ്യോഗാർത്ഥികളെ സന്ദർശിച്ച ശേഷമായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം. മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സമരം നടന്നപ്പോൾ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ പലതവണ ഉറപ്പുനൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയതോടെ മുൻ സർക്കാരിന്റെ അതേ നിലപാട് തന്നെയാണ് സതീശൻ സർക്കാരും പിന്തുടരുന്നതെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അന്ന് സർക്കാരിന്റെ അവഗണനയിൽ മനംനൊന്ത് വളർമതി തല മുണ്ഡനം ചെയ്തപ്പോൾ കണ്ണുനിറഞ്ഞുവെന്നും ഹൃദയം തകർന്നുവെന്നും പറഞ്ഞ നേതാവാണ് ഇന്ന് സമരപ്പന്തൽ പൊളിക്കാൻ പോലീസിനെ ഉപയോഗിക്കുന്നത്. കഴിഞ്ഞ രാത്രിയിൽ സമരപ്പന്തൽ പൊളിക്കാൻ പോലീസ് നടത്തിയ ശ്രമം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.




+ There are no comments
Add yours